ABOUT US


ഇക്കേരി നായക്കന്മാരും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിന്റെ ഗതകാല പ്രൗഡിയുടെ പ്രതീകമായി ഉയര്‍ന്ന് നില്‍ക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്നും വിളിപ്പാടകലെ പ്രകൃതി രമണീയമായ പാക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍. മലയാളം, കന്നട, തുളു, കൊങ്ങിണി, ഹിന്ദുസ്ഥാനി ഭാഷകള്‍ സംസാരിക്കുന്ന അനേകം ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഒരു പ്രദേശമാണ് പാക്കം. ഈ പ്രദേശം പനയാല്‍ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. ജന്മിത്വ സമ്പ്രദായത്തിന്റെ ഭാഗമായി നിലനിന്നിരുന്ന വെച്ചു കാണല്‍, പാട്ടം, വാരം, കങ്കാണി, വാശി, നുരി, ശീലക്കാശ് എന്നിവയെല്ലാം ശക്തമായി തന്നെ നിലവിലുണ്ടായിരുന്നൊരു പ്രദേശമാണ്‌ പാക്കം. പാക്കനാര്‍ സന്ദര്‍ശിച്ച സ്ഥലമായതിനാലാണ് പാക്കം എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പാക്കം പ്രദേശത്തിന്റെ ഹൃദയഭാഗത്താണ് ഇത് പ്രവര്‍ത്തിച്ചുവരുന്നത്. കേരവും കേദാരവും തീര്‍ത്ത മനോഹാരിതയാണ് പാക്കത്തിനുള്ളത്. വിവിധ ജാതിമതങ്ങളുടെ ആചാരവിശേഷങ്ങളും, ആഘോഷങ്ങളും ഉത്സവങ്ങളും തനിമ നഷ്ടപ്പെടാതെ ഇന്നും ഇവിടെ നിലനില്‍ക്കുന്നു. തെയ്യം, കോല്‍ക്കളി, പൂരക്കളി, തിടമ്പു നൃത്തം, തുടങ്ങിയവയാണ് ഇവിടെ പ്രചാരത്തിലുള്ള പ്രധാന കലാരൂപങ്ങള്‍.
1955 ല്‍ ഏകാധ്യാപകവിദ്യാലയമായാണ് ഈ സരസ്വതിക്ഷേത്രത്തിന്റെ തുടക്കം. ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ ബേക്കല്‍ താലൂക്കില്‍പ്പെട്ട പാക്കത്ത് പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും ഇല്ലാതിരുന്ന ഇക്കാലത്ത് ഇതിന്റെ സമാരംഭം അക്ഷരാര്‍ത്ഥത്തില്‍ ഒരനുഗ്രഹമായിരുന്നു.
ഓല കൊണ്ടുണ്ടാക്കിയ ഷെഡ്ഡില്‍ താത്ക്കാലിക പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തിന് സംസ്ഥാപനത്തിന്റെ ആദ്യ വര്‍ഷം തന്നെ കഷ്ടതകള്‍ നേരിട്ടുതുടങ്ങി. ശക്തമായ കാറ്റിലും മഴയിലും പെട്ട് താത്ക്കാലിക കെട്ടിടം തകര്‍ന്ന് വീണതോടെയാണിത് ആരംഭിച്ചത്. പിന്നീട് പ്രമാണിയായ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തനം തുടര്‍ന്നത്. 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ മാത്രമേ അന്ന് ഇവിടെ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പാക്കം ശാഖ ഇന്ന് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ എതിര്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഇതിന്റെ ആദ്യകാല കെട്ടിടം നിലനിന്നിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. പിന്നീട് പാക്കം കണ്ണംവയല്‍ അമ്പലത്തിങ്കാല്‍ ശ്രീ വൈകുണ്ഠഗിരി ക്ഷേത്രം ഇന്ന സ്ഥിതി ചെയ്യുന്നതിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്തേക്ക് ഈ വിദ്യാലയത്തെ മാറ്റുകകയും ദീര്‍ഘകാലം അവിടെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു. 1968 ല്‍ സര്‍ക്കാര്‍തലത്തില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുകയും ഇന്ന് സ്കൂള്‍ സമുച്ഛയം സ്ഥിതി ചെയ്യുന്നിടത്തേക്ക് ആസ്ഥാനം മാറുകയും ചെയ്തു. കൂടാതെ യു പി സ്കൂളായി ഇത് ഉയര്‍ത്തപ്പെടുകയും ചെയ്തു. 1990 ല്‍ ഈ വിദ്യാലയം ഹൈസ്കൂളായും 2010 ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ അതികായകാരായ മുന്‍മുഖ്യമന്ത്രി ശ്രീ ഇ കെ നായനാരും, മുന്‍ മന്ത്രിമാരായ ശ്രീ കെ ചന്ദ്രശേഖരനും, ശ്രീ എം എ ബേബിയും, ശ്രീ എന്‍ കെ ബാലകൃഷ്ണനും, ഈ പ്രദേശത്തുകാരുടെ പ്രിയപ്പെട്ട ശ്രീ എം കുഞ്ഞിരാമനും, സ്വാതന്ത്ര്യ സമരസേനാനി ശ്രീ അടുക്കാടക്കം കൃഷ്ണന്‍ നായരും, വി ചിണ്ടനും ഈ സ്കൂളിന്റെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
പാഠ്യ പാഠ്യേതരവിഷയങ്ങളില്‍ സംസ്ഥാന അംഗീകാരം ലഭിക്കാന്‍ വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 950 ല്‍ പ്പരം കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു. പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനുമായ ശ്രീ ഇ പി രാജഗോപാലനാണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍. കൂട്ടക്കനി, ചെറക്കാപ്പാറ, പള്ളിക്കര എന്നിവിടങ്ങളിലുള്ള എല്‍ പി, യു പി വിദ്യാലയങ്ങളാണ് ഈ സ്കൂളിന്റെ ഫീഡര്‍ സ്കൂളുകള്‍. പരിചയസമ്പന്നരും പ്രശസ്തരുമായ അനേകം പ്രധാനാധ്യാപകരും, അധ്യാപകരും തങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം സ്കൂളിനായി സമര്‍പ്പിച്ചതിന്റെ ഫലമായി ഭൗതികവും ബൗദ്ധികവുമായ നിരവധി നേട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രശസ്തരായ പല വ്യക്തികളുടേയും ബാല്യകാല വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ സരസ്വതി ക്ഷേത്രം.

No comments:

Post a Comment